English| മലയാളം

ചരിത്രം

പ്രാക് ചരിത്രം

 

ഈ പ്രദേശത്തിന്റെ ചരിത്രം ഇക്കേരി നായ്ക്കന്‍മാരായ നാട്ടുരാജാക്കന്‍മാരുടെ കാലം മുതല്‍ ആരംഭിക്കുന്നു. 1564-ല്‍ തളിക്കോട്ട യുദ്ധത്തില്‍ വിജയ നഗര സാമ്രാജ്യം ഡെക്കാന്‍ സുല്‍ത്താന്‍മാരോട് ഏറ്റുമുട്ടി തകര്‍ന്നു. ഇടപ്രഭുക്കന്‍മാരായ ഇക്കേരി നായ്ക്കന്‍മാര്‍ സ്വതന്ത്ര രാജാക്കന്‍മാരായി ചെറിയ ചെറിയ പ്രദേശങ്ങളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു. സുസ്ഥിരമായ ഒരു രാജവാഴ്ച അവരുടെ ലക്ഷ്യമായിരുന്നില്ല. ശിവപ്പ നായ്ക്കന്റെ കാലത്താണ് ഈ രാജവാഴ്ചയുടെ തകര്‍ച്ച തുടങ്ങിയത്. 17-ാം നൂറ്റാണ്ടിന്റെ പകുതി വരെ ഈ പ്രദേശം കാഞ്ഞിരോട് എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. 1623-ല്‍ പിത്രയോ ദേവാലി എന്ന റോമന്‍ സഞ്ചാരി ഇവിടം സന്ദര്‍ശിച്ച കാലഘട്ടത്തില്‍ ഭരണം നടത്തിയിരുന്നത് വെങ്കടേഷ് നായിക്കായിരുന്നു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. 1799-ല്‍ ടിപ്പു സുല്‍ത്താന്റെ മരണശേഷം ഈ പ്രദേശം ബ്രിട്ടീഷ് അധീനതയിലായി. ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന ദക്ഷിണ കന്നഡ ജില്ല 1862 ഏപ്രില്‍ 16-ന് കാസര്‍ഗോഡ് താലൂക്കായി നിലവില്‍ വരികയും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമാവുകയും ചെയ്തു.

 

സ്ഥലനാമോല്‍പത്തി

 

കാഞ്ഞിരകോത്ത് (ഇന്നത്തെ കാസര്‍ഗോഡ്) എന്ന പേരിന് ഒരു ഐതീഹ്യമുണ്ട്. തെയ്യങ്ങള്‍ വിശ്രമിക്കുന്ന കാഞ്ഞിരമരങ്ങള്‍ ധാരാളമുള്ള നാടിനെ കാഞ്ഞിരകോത്ത് എന്നു വിളിച്ചു വന്നു. കന്നഡയില്‍ കാഞ്ഞിരത്തിന് കാസറ എന്ന് പറയുന്നതിനാല്‍ കാസര്‍ക്കനക്കോഡ് പിന്നീട് കാസര്‍ഗോഡ് ആയി രൂപാന്തരം പ്രാപിച്ചതായി അനുമാനിക്കുന്നു.

 

സ്വാതന്ത്ര്യസമര ദേശീയപ്രസ്ഥാനത്തിലെ സ്ഥാനം, പ്രധാന വ്യക്തികള്‍ , സംഭവങ്ങള്‍

 

1927 വരെ വ്യക്തമായ നേതൃത്വം ഇല്ലാതെ നടന്നിരുന്ന സ്വാതന്ത്ര്യസമര പ്രവര്‍ത്തനങ്ങള്‍ ഒക്ടോബര്‍ 27-ന് ഗാന്ധിജിയുടെ മംഗലാപുരം സന്ദര്‍ശനത്തോടെയാണ് ജനങ്ങളില്‍ ഉണര്‍വുണ്ടാക്കിയത്. വിദ്വാന്‍ പി.കേളു നായര്‍ , എ.സി.കണ്ണന്‍ നായര്‍ , ഗാന്ധി കൃഷ്ണന്‍ നായര്‍ , സുബ്രഹ്മണ്യം തിരുമുമ്പ്, മുഹമ്മദ് ഷറൂല്‍ സാഹിബ് തുടങ്ങിയവര്‍ ഈ പ്രദേശത്തിന്റെ സ്വാതന്ത്ര്യസമര മുന്നണി പോരാളികളായിരുന്നു. ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ ശക്തമായി തൂലിക ചലിപ്പിച്ച കേളു നായര്‍ ഇവിടുത്തെ ജനങ്ങളില്‍ സ്വാതന്ത്ര്യസമരത്തിന്റെ ആവേശം പകര്‍ന്നു. ഹരിജന ഉദ്ധാരണ സമരത്തില്‍ കേളു നായരോടൊപ്പം പ്രവര്‍ത്തിച്ച എ.സി.കണ്ണന്‍ നായരും സ്വാതന്ത്ര്യസമര പ്രവര്‍ത്തനത്തിന്റെ ആവേശം പകര്‍ന്നു കൊടുത്തു. 1946-ല്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ചിറക്കല്‍ കോവിലിലേക്ക് ജാഥ നയിച്ചത് എ.വി.കുഞ്ഞമ്പു ആയിരുന്നു. എഴുതപ്പെട്ട ചരിത്രരേഖകളിലൊന്നാണ് കാടകം എന്ന സ്ഥലത്ത് കേളപ്പജിയും സംഘവും ഹരിജന ഉദ്ധാരണത്തിനായി നടത്തിയ സമരം. ഖിലാഫത്ത് ഹോംറൂള്‍ പ്രസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ നിന്നിരുന്ന മുഹമ്മദ് ശറൂല്‍ സാഹിബ് മുസ്ലീം നവോത്ഥാനത്തിന്റെയും കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നടത്തിപ്പുകാരനായിരുന്നു.

 

സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങള്‍

 

ചിറ കോവിലകത്തേക്കു നടത്തിയ ജാഥയും ഭാഷാ സമരത്തിന്റെ പേരില്‍ ഉണ്ടായ മുന്നേറ്റവും ഇവിടുത്തെ കര്‍ഷക പ്രസ്ഥാനത്തിന്റെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്നു. വിദ്യാ നഗറിലുള്ള ഗവ. കോളേജും ബി.ബി.എം. ഹൈസ്ക്കൂളും ഈ പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

 

വാണിജ്യ-ഗതാഗത പ്രാധാന്യം

 

തളങ്കരയിലെ ഷേക്കുമാര്‍ നിര്‍മ്മിച്ച ഊരുകള്‍ ഇവിടുത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായിരുന്നു. മധ്യപൂര്‍വ്വദേശത്തെ വസ്ത്ര-വ്യാപാര രംഗത്തെ പൊന്നാളിയായിരുന്ന കാസര്‍ഗോഡ് സാരിയും ഇവിടുത്തെ പ്രധാന വ്യവസായമാണ്. നഗരത്തിലെ അറിയപ്പെടുന്ന ഹൈവേകളും, ചന്ദ്രഗിരി പാലവും ഈ പ്രദേശത്തെ ഗതാഗത സൌകര്യങ്ങളാണ്.